മരീചിക
വെയില്‍ മങ്ങി, മഴയുടെ നല്ല ലക്ഷണങ്ങളുണ്ട്. നഗരത്തിലെ ഫുട്ട്‌പാത്തിലൂടെ വേഗം ചുവടുകള്‍ വയ്‌ക്കുമ്പോള്‍ മനസു നിറയെ ആകുലതകളായിരുന്നു. ഉദ്യോഗക്കയറ്റം തന്നെ ഇവിടെ എത്തിച്ചിട്ട് മാസം മൂന്നു കഴിഞ്ഞു. ഇതു വരെ വീട്ടില്‍ പോയില്ല. ബസ്സ് സ്‌റ്റാന്റിനു സമീപത്തെ തട്ടുകടയില്‍ നിന്നും ഒരു ചായക്കു പറഞ്ഞു.
എന്തിനാകും അനിത തന്നെ വളരെ അത്യാവശ്യമായി കാണണം എന്നു പറഞ്ഞത്. ഫോണില്‍ പറയത്തക്ക വിഷയമല്ലത്രേ! പറയാന്‍ നിര്‍ബന്ധിച്ചതാണ്. ഒടുവില്‍ സമ്മദിക്കേണ്ടി വന്നു. ഇനി രഘു വീണ്ടും പ്രശ്‌നങ്ങളുമായി എത്തിക്കാണുമോ? അതോ ചിന്നു മോള്‍ക്ക് അസുഖം എന്തെങ്കിലും. ഗോപനു വല്ലാത്ത അസ്വസ്‌ഥത തോന്നി.
സാര്‍, ചായ. സാറെ... സാറെ ചായ തണുത്തുകാണും. തട്ടുകടക്കാരന്റെ മുന്നിലാണെന്നതു പോലും മറന്നായിരുന്നു നില്‍പ്പ്. ചായ മുന്നില്‍ വച്ചിട്ടും എടുക്കാത്തതിനാലാണ് കടക്കാരന്‍ അക്ഷമനായി വീണ്ടും വിളിച്ചത്. ചായ മോന്തിക്കുടിച്ച് കാശും കൊടുത്ത് നേരേ പോയത് ബാത്ത് റൂമിലേക്കാണ്. ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതല്ലെ. ഇടയ്‌ക്ക് ഇതിനൊന്നും സൗകര്യം കിട്ടിയില്ലങ്കിലോ.
പാലക്കാടിന് 6.30ന് വണ്ടിയുളളത് ഭാഗ്യം. ഇനി വെറും അര മണിക്കൂര്‍ കാത്തിരുന്നാല്‍ മതിയല്ലോ. സൂപ്പര്‍ഫാസ്‌റ്റാണ് നാളെ പുലര്‍ച്ചയ്‌ക്ക് പട്ടാമ്പിയിലെത്തും. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നു സീറ്റു ബുക്ക് ചെയ്‌തപ്പോള്‍ വല്ലാത്തൊരാശ്വാസം. കൃത്യ സമയത്തു തന്നെ മഹാനഗരത്തിനു വിട പറഞ്ഞു കൊണ്ട് വണ്ടി നീങ്ങി.
ഇനിയും ഒരു പത്തു മിനിട്ട് നടന്നാലെ വീട്ടിലെത്തു. നടക്കാന്‍ തുടങ്ങിയിട്ടു തന്നെ പതിനഞ്ചു മിനിട്ടിലധികം ആയിക്കഴിഞ്ഞു. യാത്രാക്ഷീണം ശരീരത്തെ വല്ലാതെ അലട്ടുന്നതായി ഗോപനു തോന്നി. ആദ്യം കുളികഴിഞ്ഞ് അനിതയെ കണ്ടാലെ സമാധാനമാകൂ. തന്റെ മനസിന് ആശ്വകസം ലഭിക്കണമെങ്കില്‍ അതുകൂടിയേ തീരൂ. വീട്ടിന്റെ പടിക്കലെത്തി. മോനേ ഗോപൂ നീ ഇവിടുന്ന് പോയിട്ട് എത്ര നാളായടാ. അമ്മയാണ് ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടു ഗോപന്‍ വീട്ടിനുളളില്‍ കയറി.
`നാട്ടില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍'. അമ്മയോട് കുശലം ചോദിക്കാന്‍ വേണ്ടി ചോദിച്ചതാണ്. `പറമ്പൊക്കെ ആ കണാരനെ കൊണ്ടു കിളപ്പിച്ചു. തെക്കേ തൊടിയുടെ അരികില്‍ നിന്ന ആഞ്ഞിലിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞു വീണു. രാത്രിയായതു പുണ്യം. അല്ലേല്‍ ചിലപ്പോ എന്റെ മുതുകത്തു തന്നെ അതു വീണേനേ' `അറിഞ്ഞുവോ അനിതേടെ കാര്യം'. ഇപ്പോ ശരിക്കും കഷ്‌ടം തോന്നുണൂട്ടോ. `എന്താ' ഗോപന്‍ ഇടയ്‌ക്കു കയറി ചോദിച്ചു.
ന്റെ കുട്ടി അറിഞ്ഞില്ല അല്ലേ. `പോയി' കറന്റടിച്ചതാ, തുണി ഇസ്‌തിരിയിടുംബോ പറ്റിയതെന്നാ പറേണത്. മറിച്ചും കേള്‍ക്കുന്നുണ്ട് ചിലത്. സ്‌ത്രീധനത്തിന്റെ പേരില്‍... എന്തായാലും ആ കിടാവിന്റെ കാര്യം കഷ്‌ടാണ്. അതിന്റെ മുഖത്തിനെന്തൊരു ഐശ്വര്യമാ. ഇവിടെ പിറക്കേണ്ട കുട്ടിയല്ലേ. മിനിയാന്നായിരുന്നു പതിനാറ്.
ഞെട്ടലോടെയാണ് ഗോപന്‍ അത് കേട്ടത്. ഇന്നലെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി തന്നെ കാണണം എന്നു പറഞ്ഞതാര്? അനിതയ്‌ക്ക് തന്നോട് എന്താണ് പറയാനുണ്ടായിരുന്നത്? തലകറങ്ങുന്നുണ്ട്. ഓര്‍മ്മ വന്നപ്പോള്‍ താന്‍ കട്ടിലിലാണ്. അമ്മയുടെയും അനിതയുടെയും മരണത്തിനു ശേഷം തനിക്കാരുമില്ലാതായപ്പോള്‍ പട്ടാമ്പിയിലെ വേരറുത്ത് ഈ മഹാനഗരത്തിലേക്ക് ചേക്കേറിയതാണ്. ഇവിടെ സ്വന്തമായുളളത് ഞെട്ടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ മാത്രമാണ്. വെറും സ്വപ്‌നങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ